തിരുവല്ല : എംസി റോഡിലെ തിരുവല്ല മഴുവങ്ങാട് ചിറയ്ക്ക് സമീപം കെഎസ്ആർടിസി ബസും മീൻ കയറ്റി വന്ന പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒന്പതു പേർക്ക് പരിക്ക്.
കെഎസ്ആർടിസി ഡ്രൈവർ ശരത് ചന്ദ്രൻ, യാത്രക്കാരായ തമ്പി, ശ്രീകാന്ത്, അഫ്രോജ്, അനിയൻകുഞ്ഞ്, മുഹമ്മദ് ജിന്ന , അനീഷ് , സജി എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി എഴോടെ ആയിരുന്നു അപകടം. ഓതറയിൽ നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന ബസും തിരുവല്ല ഭാഗത്ത് നിന്നും ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന പിക്കപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ കെഎസ്ആർടിസി ജീവനക്കാരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് റോഡിൽ ഒരു മണിക്കൂർ നേരത്തോളം ഗതാഗതം തടസപ്പെട്ടു.